അഴീക്കോട് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ഔദ്യോഗിക ബ്ലോഗിലേക്ക് സ്വാഗതം!!






Friday, September 17, 2010

സ്ക്കൂളിനെക്കുറിച്ച്

കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് പഞ്ചായത്തിലെ വന്‍കുളത്തുവയലില്‍ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂള്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ്1950-ല്‍ സ്കൂളിന്റെ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ. സി. എം. ഗോപാലന്‍ നമ്പ്യാരുടെ ഉടമസ്ഥതയില്‍ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ.എ.കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നല്‍കിയ സ്ഥലത്ത് വന്‍കുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.


1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ശ്രീമാന്‍മാര്‍ എ.കെ.നായര്‍, കെ.കണ്ണന്‍, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാര്‍, പി.കെ.അബ്ദുള്ള, സി.ശങ്കരന്‍, പി.വി.ബാലകൃഷ്ണന്‍ നായര്‍, കെ.പി.കുമാരന്‍, കെ.അച്യുതന്‍ നായര്‍, സി.എം.ഗോപാലന്‍ നമ്പ്യാര്‍, ഇ.നാരാണന്‍ നായര്‍ എന്നിവര്‍ സ്ഥാപക ഡയരക്ടര്‍മാരായിരുന്നു.

സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.അച്യുതന്‍ നായരും രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമന്‍ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളില്‍ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി കെ.ടി.വിമല കുമാരി ടീച്ചര്. രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ. കെ.വി.അശോകനുമാണ്. കണ്ണൂര്‍ ജില്ലയിലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.

വളരെ വിശാലമായ ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യുട്ടര്‍ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയില്‍ ഓഡിയോ വിഷ്വല്‍ മുറിയും ഒരുക്കിയിട്ടുണ്ട്.

ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.
ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മ്മുന്ന് കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.